ബ്രോ ഡാഡി, അഥവാ <insert കോട്ടുവായ here>
ബ്രോ ഡാഡി — ഒരു താത്വിക അവലോകനത്തിനൊന്നും ഉള്ള ഐറ്റം അല്ല എന്നിരിക്കെ, ഇതിരിക്കട്ടെ:
മോഹൻലാൽ മോഹൻലാൽ ആയി അഭിനയിക്കുന്ന പുതിയ പടം ബ്രോ ഡാഡി ഈ കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ OTT വഴി എത്തിയിട്ടുണ്ടല്ലോ. മോഹൻലാലിനെ കൂടാതെ മീന, പൃഥ്വിരാജ്, കല്യാണി, കനിഹ, ലാലു അലക്സ്, ആന്റണി പെരുമ്പാവൂർ, എന്തിനോ വേണ്ടി തിളയ്ക്കുന്ന സൗബിൻ എന്നിവരും വേറെ പലരും ഇതിൽ അഭിനയിക്കുന്നു.
മീനയും ഏട്ടനും വളരെ അധികം ഹിറ്റ് പടങ്ങളിൽ ഗപ്പിൾസ് ആയി അഭിനയിച്ചിട്ടും ഇത്രയും നല്ല രീതിയിൽ കെമിസ്ട്രി ഇല്ലായ്മ നിലനിർത്താൻ അവർക്ക് കഴിഞ്ഞു എന്നത് വളരെ ശ്രദ്ധേയമായ ഒരു കാര്യം തന്നെയാണ്. പൃഥ്വിരാജ് വിചാരിച്ചാൽ ഊള പടങ്ങളും നല്ല രീതിയിൽ മാർക്കറ്റ് ചെയ്യാൻ കഴിയുമെന്നത് ഒരു ഡയറക്ടർ ബ്രില്ലിയൻസ് അല്ലെങ്കിൽ പിന്നെ എന്താണ്?
OTT റിലീസുകൾ മലയാളിക്ക് ഇപ്പൊ ശീലമാണ്. വീട്ടിൽ ഇരുന്ന് സിനിമ കാണാൻ കഴിയുന്നത് ഒരു വലിയ സുഖം തന്നെയാണ് എന്നിരുന്നാലും സിനിമ കാണുന്നതിനിടയ്ക്ക് ഒന്ന് മൂത്രമൊഴിക്കണമെങ്കിലോ വെള്ളം കുടിക്കണമെങ്കിലോ പാട്ടിനു വേണ്ടി കാത്തിരിക്കണമായിരുന്നു. എന്നാൽ അതിൽ ഈ പടം സ്കോർ ചെയ്തു — എപ്പോ വേണേലും എണീച്ചു പോയി ഇതെല്ലാം നടത്താം, കഥയിൽ ഒരു ചുക്കും നമ്മൾക്ക് മിസ് ആകില്ല എന്നതും ഒരു ഡയറക്ടർ ബ്രില്ലിയൻസ് തന്നെയാണ്. പിന്നെ എടുത്ത് പറയേണ്ട മറ്റൊരു കാര്യം, ഈ പടം അങ്ങനെ ആരെയും പറ്റിക്കില്ല — ഫസ്റ്റ് 10 മിനിറ്റിൽ നമ്മൾക്ക് ഊഹിക്കാവുന്ന കാര്യങ്ങൾ ലാസ്റ് 10 മിനിട്ടിലും അത് പോലെ തന്നെ നില നിൽക്കും. വിശ്വാസം, അതല്ലേ എല്ലാം?
പിന്നെ എവിടെയോ ആരോ കമന്റ് ഇട്ട പോലെ സഭയും ബാങ്ക് ബാലൻസും ഒത്തു പോയാൽ പ്രീ-മാരിറ്റൽ സെക്സോ എന്തിനു പ്രെഗ്നൻസിയോ ഒന്നും മലയാളിക്കു ഒരു വിഷയമല്ല. പിന്നെ മീന അന്നും ഇന്നും എന്നെന്നും ഫുൾ ഓൺ മേക്കപ് ഇട്ടേ അടുക്കളയിൽ കയറൂ — അതിപ്പോ മിസ്സിസ് ജോർജ്കുട്ടി ആയാലും ശെരി മിസ്സിസ് <TODO : Fill ഏട്ടൻസ് character’s name here> ആയാലും ശെരി.
OTT അല്ലെ ഫ്രീ അല്ലെ, വന്നാൽ ആരും കാണൂലെ എന്ന പ്രതിഭാസം തലക്ക് മുകളിൽ നിൽക്കുന്നത് കൊണ്ട്, എല്ലാരും പോയി കാണൂ. മലയാള സില്മയെ കര കയറ്റൂ.
മനസ്സിൽ പതിഞ്ഞു നിൽക്കുന്ന കാര്യം ഓർത്താൽ മരക്കാരിന്റെ ഏഴയലക്കത്ത് ഈ പടം എത്തില്ല എന്നത് ഒരു കുറവായി നമ്മൾ കാണാൻ പാടില്ല — മരക്കാർ വേറെ ലെവൽ ആണ്, അതോണ്ടാ. എന്റെ ഈ റിവ്യൂ അല്ലാത്ത റിവ്യൂ മരക്കാരിലെ വാളെടുക്കാൻ മറന്ന ഭടന് ഡെഡികേറ്റ് ചെയ്തു കൊണ്ട് ഇവിടെ അവസാനിപ്പിക്കുന്നു. ആൾസോ, അബോർഷൻ പാപം ആണ്, കാരണം ഗൈനെക്കോളജിസ്റിനെ കാണാൻ വരുന്ന ഭൂരിപക്ഷം പേരും അതിനല്ല വരുന്നേ.
ശുഭം.